Thursday, October 8, 2009

അടിയുടുപ്പുകള്‍ പോലെ വികാരങ്ങള്‍
മലിനമായി കഴിഞ്ഞെങ്കിലും സഖീ..
ലവണ ഗാനമിരമ്പിയെന്‍ ജീവനില്‍
കരകവിയുന്നു കാത്തിരിപ്പിന്‍ കടല്‍.

ക്ഷമ പറയുവാന്‍ വീര്‍പ്പുമുട്ടും
പരസ്പര സമുദ്രങ്ങള്‍ നെഞ്ചില്‍ലടക്കി നാം
ഒരു ശരത്കാല സായന്തനത്തിന്റെ
കരയില്‍നിന്നും പിരിഞ്ഞു പോകുമ്പോഴും..
വെയില്‍ പുരണ്ടാതാം നിന്‍ വിരല്‍കൂമ്പിന്റെ
മൃദുലകമ്പനം എന്‍ കൈ ഞരമ്പുകള്‍ക്ക്-
അറിയുവാന്‍ കഴിഞ്ഞിട്ടില്ല..മാനസം
മുറുകിടുംപോഴും നിന്‍ കണ്പീലിതന്‍
നനവു ചുണ്ടുകൊണ്ടൊപ്പിയിട്ടില്ല ഞാന്‍.

ഇരുളുമോര്‍മ്മതന്‍ സീമയില്‍ ചുംബിക്കും
ഇരു സമാന്തര രേഖകളല്ലി നാം?
ഒരു വിലപ്പെട്ട ജന്മം മുഴുവനും
വെറുമൊരു വാക്കിനക്കരെ ഇക്കരെ
കടവ് തോണി കിട്ടാതെ നില്‍ക്കുന്നവര്‍.