Monday, August 24, 2009

കവിത കൊണ്ട് കാമിച്ചു കിതച്ചുറങ്ങുന്ന
ഒരു വേശ്യയെപ്പോലും ഞാന്‍ കണ്ടില്ല
നീയെന്നെ സ്നേഹിച്ചിരുന്നുവെങ്കില്‍
കവിത തിന്നു വിശപ്പടക്കി നമുക്കു-
പട്ടിണി കിടന്നു ചാകാമായിരുന്നു.
അഞ്ചുആറു കവിതകള്‍
കാണാപാഠം പഠിച്ചു
ഒരു ചരക്കിന്‌ വേണ്ടി ഞാന്‍
വായില്‍നോക്കി നടക്കുന്നു..
ഒരാളെപ്പോലെ ഏഴ് പേരത്രേ..
നിന്നെപ്പോലെ ആരുമില്ല.
എന്തായാലും അടുത്തജന്മത്തില്‍ നോക്കാം..
പെണ്ണിനെ പോറ്റുന്ന നട്ടെല്ലുള്ളവനായി പിറക്കാം..
എന്നെ പ്രേമിക്കുന്ന കാര്യം നീ ഏറ്റോ..?

Tuesday, August 4, 2009

മരണവീടിന്റെ മഹാമൌനത്തില്‍ സ്വയമിറങ്ങി കഥ മെനഞ്ഞു ഈച്ചയാട്ടി ചത്തു കുത്തിയിരുന്നിട്ടും ആരും ഒന്നും പറഞ്ഞില്ല ഞാന്‍ അറിയുന്ന,എന്നെ അറിയുന്നവര്‍ക്കെല്ലാം മരണത്തെ പേടിയായിരുന്നു..!!!
ഒരു ഞരക്കം കേട്ട് അമ്മ ചോദിച്ചു
"എന്തിന്റെ കേടാ കുട്ടാ നിനക്ക് ?"
കണ്ണിലൊരു കരടു പോയതാ അമ്മേ..
അമ്മ പിന്നെ ഒന്നും മിണ്ടിയില്ല!
തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും ഉറക്കം വന്നില്ല.
നിന്റെ കൈയോളം മാത്രമെത്തുന്ന രതി സ്വപനങ്ങളെക്കുറിച്ച്
അമ്മയ്ക്ക് അറിയാമായിരുന്നുവോ ആവോ..
ഇടയ്ക്കെപ്പോഴോ ഞാനും ഒരു ഏങ്ങലടി കേട്ടു.
ഞാന്‍ നിന്നാലും ഇരുന്നാലും കിടന്നാലും നടന്നാലും ഇന്ന് അമ്മ കരയും.
എന്തുവാ അമ്മേ ഇത് ?
കുട്ടാ എന്ന് വിളിച്ചു കെട്ടിപിടിച്ചു നിനക്കൊന്നു പൊട്ടിച്ചിരിച്ചു കൂടെ..?
നിന്നെയോര്‍ത്തു ഭ്രാന്ത് കാട്ടുന്നത് കാണുമ്പോള്‍ അമ്മ പറയും..
ഈ ചെക്കന്‍ ചെറിയ കുട്ടിയാന്നാ ഇപ്പോഴും വിചാരം!
മകന്‍ വളര്‍ന്നു വലുതായി സ്നേഹിച്ചു കാമിച്ചു കവിയായി
ചത്തുപോയത് അമ്മ അറിഞ്ഞില്ലേ..പാവം!

Sunday, August 2, 2009

നാം പ്രണയിച്ചു..പ്രണയിച്ചു അവസാനം
നമുക്ക് നമ്മെ നഷ്ടപെടുമ്പോള്‍
അവസാന വാതിലില്‍ നിന്ന്
അന്ത്യ താഴ്വാരത്തിന്റെ അനന്ത ആഴങ്ങളിലേക്ക്
എന്നെ തള്ളിയിട്ടു
കര്‍ക്കിടകത്തിന്റെ മാറില്‍ കണ്ണ് പൊത്തിക്കരഞ്ഞു
ഈറന്‍ കൈക്കൊട്ടി ചിരിക്കുമ്പോള്‍
കഴുകന്‍ എന്റെ മാംസം കൊത്തി
പറന്നു പോകുന്നത് നിനക്ക് കാണാം

Saturday, August 1, 2009

വയ്യ അമ്മേ...നിന്റെ മുന്നില്‍ കിടന്നു മരിക്കാന്‍...നാവു ദോഷം തീര്‍ക്കാന്‍ നാല് തെറി വിളിച്ചു പേറ്റു നോവിന്‍ കണക്കെണ്ണി കുഴഞ്ഞു ഞാന്‍,ജന്മ ദോഷം തീര്‍ക്കാന്‍ എന്നെ കൊന്നിട്ട് നിനക്ക് കൈ കഴുകാമോ...നെഞ്ചില്‍ ആഴ്ത്തിയ കത്തി കാട്ടിലെറിഞ്ഞ അവസാന പുണ്യം എനിക്കിരിക്കട്ടെ...

താടി രോമം വളരാത്ത
കുറ്റി നാമ്പ്പോലും കിളിര്‍ക്കാത്ത
ഇരുള്‍ ഏറിയ മുഖം.
എണ്ണ പശിമയാര്‍ന്ന വെട്ടി
ചീകിയൊതുക്കിയ തലമുടി
ചടച്ചു ചപ്രിച്ച കോലത്തില്‍ ഒന്നുമേ
അപഥ സഞ്ചാരിക്കായി മാറ്റി വച്ചിട്ടില്ല.
ദാനങ്ങള്‍ പരിത്യജിച്ചു കൂടുവിട്ടിറങ്ങി
ഊര് തെണ്ടുന്നത്‌ ധാര്‍ഷ്ട്യം.
ഊട് വഴികളില്‍ സ്നേഹത്തിന്റെ
കണ്ണീരു മുറ്റുന്ന കണ്ണിന്റെ
പിന്‍വിളി കേള്‍ക്കാം...
കാണാതെ,കേള്‍ക്കാതെ ചുവടു
താണ്ടുന്നതെങ്ങനെ...?
കവിയരങ്ങിന്റെ കാഹളം കേട്ടു
എവിടേയ്ക്കും ഇല്ല.
ഇന്നലെ ഒരു കവി സുഹൃത്ത് ! അല്ല
മനുഷ്യ സൌഹൃദം വിളിച്ചു ചോദിച്ചു
ബ്ലോഗ്‌ മീറ്റിനു വരുന്നുവോ?
ഇല്ല,വിടില്ല !
അതെ,ഇല്ല വിടില്ല.
തടവിന്റെ അഴികള്‍ തീര്‍ത്ത
പ്രണയകാവ്യങ്ങള്‍.
ഉറഞ്ഞ സ്വപനത്തിന്റെ കോട്ടകള്‍
ഉരുകിയപ്പോള്‍ ഉണര്‍ന്നവ
എന്റെ ഉയിരിന്റെ ഉണര്‍വ്വ് .
പാഠപുസ്തകങ്ങള്‍!
ഓര്‍മ്മക്കൂടിനു മുന്നില്‍ ,
അമ്ല ഭാഷയുടെ കരകരപ്പിനു മുന്നില്‍
നേര്‍കാഴ്ചയിലും വിസ്മ്രിതി പൂകി.
ഭാഗപത്രത്തില്‍ നിന്നുമെന്നെ എടുത്തെറിഞ്ഞു
താതന്റെ പ്രതികാര മൌനം,ശാപ ഗ്രെസ്തം!
നിറഞ്ഞ മൌനത്തില്‍ സ്വയമിറങ്ങി
തിരഞ്ഞിട്ടും മെനയാത്ത കഥ.
ജന്മസാഫല്യ നെറുകയില്‍ നിന്നു പിടഞ്ഞു വീണ
പാതാളവാസിയാം അമ്മ തന്‍
തോരാത്ത കണ്ണുനീരില്‍ കുതിര്‍ന്ന വെക്കയോലും
തലയിണകള്‍ തിരക്കുന്ന തിരക്കഥകള്‍.
അകത്തളങ്ങളില്‍ നിന്നും അക്ഷയപാത്രം
പിന്നാംപുരങ്ങളിലേക്ക് പുച്ഛിച്ചു തള്ളി
സ്വയം നിറയില്ല,ഇനി നിറയ്ക്കണം
പടചോറ് പകുതി മാത്രം പകുത്തു വച്ചിരിക്കും.
പാനപാത്രങ്ങളില്‍ മനപൂര്‍വ്വ മറവിതന്‍ ജലം മാത്രം!
ഒടുവില്‍ സ്മരണതന്‍ ശിലാഫലകത്തില്‍
കപിയെന്നല്ലാതെ കവിയെന്നെഴുതി വച്ചു
പല്ലിളിച്ചു ,പുറംതിരിഞ്ഞു കോക്രി കാട്ടി
കുത്തുവിളക്കിന്റെ കഥ അറിയുവോര്‍
മുറിചുരിക വീശി എറിഞ്ഞു ക്രൂശിച്ചവര്‍
നെഞ്ചിന്‍ നോവിനാഴമെത്താതെ ,
കണ്ണിന്റെ കാണാത്ത കണ്നീരറിയാതെ
ലഹരി നുണഞ്ഞു ചൊരുക്കില്‍ കിനിഞ്ഞ
കണ്ണീരു വരണ്ടുണങ്ങി,ഗുഡ് നൈറ്റ്‌ പറഞ്ഞു
കിതച്ചുറങ്ങിയ ആഗ്നേയ സൌഹൃദങ്ങള്‍.
കോലംതുള്ളും കാലത്തിലും തെല്ലിളം
വഹ്നിയായോരെന്‍ പ്രതിഭയില്ലാ ലോകം!
പാദം പുതഞ്ഞു മണ്ണ് മാടി പടുത്തു
മലകാറ്റില്‍ ഉലയാത്ത മാമരമായി
ഉറഞ്ഞു നില്‍ക്കാം...
ചോര കടയുന്ന പകലിനൊടുവില്‍
മുള്‍കിരീടം കടം കൊടുത്തു
വിരസമാം ശരശയ്യയില്‍ വീണു ഉറങ്ങാം
വികടനെ കവിയാക്കിയ പ്രണയമേ..
നിന്നെകുറിച്ചീ രാവില്‍ എഴുതിവയ്ക്കാം
മാംസം മരയ്ക്കുന്ന,ചോര പൊടിയുന്ന
ശോണ രാവതില്‍ ദുര്‍നിദ്രനായ്‌
ഉറക്ക ചുവടിന്റെ നീറുന്ന കണ്ണുകള്‍
കുത്തിപൊട്ടിച്ചു ഇരുളിന്റെ
മൌനരാഗതിന്‍ കവിത വിരിയുന്നു
പ്രാണന്‍ വേര്‍പിരിഞ്ഞു,ഭ്രാന്തന്‍ ജനിക്കുന്നു
മുഷിഞ്ഞു നാറുന്ന കാഷായമില്ലാതെ,
തോളില്‍ പാപഭാരത്തിന്റെ മാറാപ്പ് പേരാതെ,
ചടച്ചു ചപ്രിച്ചു ജട കേറാതെ
വരണ്ട വരള്‍ കൊക്കിലേരി ചുണ്ടില്‍ നിറയുന്ന
കവിതതന്‍ ഈണങ്ങളും ആയി കവിയരങ്ങിലേക്ക്
ഇരുളിലെ കോലായില്‍ നിന്നു ,
ദേഹത്തെ പൂണ്ട മാറാലകളെ തൂത്തെറിഞ്ഞു
ബന്ധത്തിന്റെ സ്നേഹ ബന്ധനങ്ങള്‍ ഇല്ലാതെ
കൌമാരം വാനപ്രസ്ഥം ചെയ്യുന്നു
പക്ഷേ.. ഒരു മുറിയും മരണത്തിന്റെ മൌനവും
അതിനുള്ളില്‍ ഭിത്തികള്‍ ഭേതിക്കും
മുഷ്ടികള്‍ തന്‍ മൌനസഞ്ചാരവും..
ഇന്നു ബൂലോകം എന്റെ തോന്ന്യവാസങ്ങളില്‍
തോന്നുംപോലെ കമന്റുന്നു
പരിഹാസത്തിന്റെ പല്ലിളി മാത്രം എന്നില്‍ ശേഷിക്കുന്നു
കഥാവശേഷന്‍!
ഇനി കാത്തിരിപ്പാണ് ...
കവിതയ്ക്കായുള്ള കഥയ്ക്കായി
ആര്‍ദ്രം! പതിരിലും പൊരുള്‍ എഴുന്നു.
മറന്നിട്ടില്ല കവിയരങ്ങുകള്‍!