താടി രോമം വളരാത്ത
കുറ്റി നാമ്പ്പോലും കിളിര്‍ക്കാത്ത
ഇരുള്‍ ഏറിയ മുഖം.
എണ്ണ പശിമയാര്‍ന്ന വെട്ടി
ചീകിയൊതുക്കിയ തലമുടി
ചടച്ചു ചപ്രിച്ച കോലത്തില്‍ ഒന്നുമേ
അപഥ സഞ്ചാരിക്കായി മാറ്റി വച്ചിട്ടില്ല.
ദാനങ്ങള്‍ പരിത്യജിച്ചു കൂടുവിട്ടിറങ്ങി
ഊര് തെണ്ടുന്നത് ധാര്‍ഷ്ട്യം.
ഊട് വഴികളില്‍ സ്നേഹത്തിന്റെ
കണ്ണീരു മുറ്റുന്ന കണ്ണിന്റെ
പിന്‍വിളി കേള്‍ക്കാം...
കാണാതെ,കേള്‍ക്കാതെ ചുവടു
താണ്ടുന്നതെങ്ങനെ...?
കവിയരങ്ങിന്റെ കാഹളം കേട്ടു
എവിടേയ്ക്കും ഇല്ല.
ഇന്നലെ ഒരു കവി സുഹൃത്ത് ! അല്ല
മനുഷ്യ സൌഹൃദം വിളിച്ചു ചോദിച്ചു
ബ്ലോഗ് മീറ്റിനു വരുന്നുവോ?
ഇല്ല,വിടില്ല !
അതെ,ഇല്ല വിടില്ല.
തടവിന്റെ അഴികള്‍ തീര്‍ത്ത
പ്രണയകാവ്യങ്ങള്‍.
ഉറഞ്ഞ സ്വപനത്തിന്റെ കോട്ടകള്‍
ഉരുകിയപ്പോള്‍ ഉണര്‍ന്നവ
എന്റെ ഉയിരിന്റെ ഉണര്‍വ്വ് .
പാഠപുസ്തകങ്ങള്‍!
ഓര്‍മ്മക്കൂടിനു മുന്നില്‍ ,
അമ്ല ഭാഷയുടെ കരകരപ്പിനു മുന്നില്‍
നേര്‍കാഴ്ചയിലും വിസ്മ്രിതി പൂകി.
ഭാഗപത്രത്തില്‍ നിന്നുമെന്നെ എടുത്തെറിഞ്ഞു
താതന്റെ പ്രതികാര മൌനം,ശാപ ഗ്രെസ്തം!
നിറഞ്ഞ മൌനത്തില്‍ സ്വയമിറങ്ങി
തിരഞ്ഞിട്ടും മെനയാത്ത കഥ.
ജന്മസാഫല്യ നെറുകയില്‍ നിന്നു പിടഞ്ഞു വീണ
പാതാളവാസിയാം അമ്മ തന്‍
തോരാത്ത കണ്ണുനീരില്‍ കുതിര്‍ന്ന വെക്കയോലും
തലയിണകള്‍ തിരക്കുന്ന തിരക്കഥകള്‍.
അകത്തളങ്ങളില്‍ നിന്നും അക്ഷയപാത്രം
പിന്നാംപുരങ്ങളിലേക്ക് പുച്ഛിച്ചു തള്ളി
സ്വയം നിറയില്ല,ഇനി നിറയ്ക്കണം
പടചോറ് പകുതി മാത്രം പകുത്തു വച്ചിരിക്കും.
പാനപാത്രങ്ങളില്‍ മനപൂര്‍വ്വ മറവിതന്‍ ജലം മാത്രം!
ഒടുവില്‍ സ്മരണതന്‍ ശിലാഫലകത്തില്‍
കപിയെന്നല്ലാതെ കവിയെന്നെഴുതി വച്ചു
പല്ലിളിച്ചു ,പുറംതിരിഞ്ഞു കോക്രി കാട്ടി
കുത്തുവിളക്കിന്റെ കഥ അറിയുവോര്‍
മുറിചുരിക വീശി എറിഞ്ഞു ക്രൂശിച്ചവര്‍
നെഞ്ചിന്‍ നോവിനാഴമെത്താതെ ,
കണ്ണിന്റെ കാണാത്ത കണ്നീരറിയാതെ
ലഹരി നുണഞ്ഞു ചൊരുക്കില്‍ കിനിഞ്ഞ
കണ്ണീരു വരണ്ടുണങ്ങി,ഗുഡ് നൈറ്റ് പറഞ്ഞു
കിതച്ചുറങ്ങിയ ആഗ്നേയ സൌഹൃദങ്ങള്‍.
കോലംതുള്ളും കാലത്തിലും തെല്ലിളം
വഹ്നിയായോരെന്‍ പ്രതിഭയില്ലാ ലോകം!
പാദം പുതഞ്ഞു മണ്ണ് മാടി പടുത്തു
മലകാറ്റില്‍ ഉലയാത്ത മാമരമായി
ഉറഞ്ഞു നില്‍ക്കാം...
ചോര കടയുന്ന പകലിനൊടുവില്‍
മുള്‍കിരീടം കടം കൊടുത്തു
വിരസമാം ശരശയ്യയില്‍ വീണു ഉറങ്ങാം
വികടനെ കവിയാക്കിയ പ്രണയമേ..
നിന്നെകുറിച്ചീ രാവില്‍ എഴുതിവയ്ക്കാം
മാംസം മരയ്ക്കുന്ന,ചോര പൊടിയുന്ന
ശോണ രാവതില്‍ ദുര്‍നിദ്രനായ്
ഉറക്ക ചുവടിന്റെ നീറുന്ന കണ്ണുകള്‍
കുത്തിപൊട്ടിച്ചു ഇരുളിന്റെ
മൌനരാഗതിന്‍ കവിത വിരിയുന്നു
പ്രാണന്‍ വേര്‍പിരിഞ്ഞു,ഭ്രാന്തന്‍ ജനിക്കുന്നു
മുഷിഞ്ഞു നാറുന്ന കാഷായമില്ലാതെ,
തോളില്‍ പാപഭാരത്തിന്റെ മാറാപ്പ് പേരാതെ,
ചടച്ചു ചപ്രിച്ചു ജട കേറാതെ
വരണ്ട വരള്‍ കൊക്കിലേരി ചുണ്ടില്‍ നിറയുന്ന
കവിതതന്‍ ഈണങ്ങളും ആയി കവിയരങ്ങിലേക്ക്
ഇരുളിലെ കോലായില്‍ നിന്നു ,
ദേഹത്തെ പൂണ്ട മാറാലകളെ തൂത്തെറിഞ്ഞു
ബന്ധത്തിന്റെ സ്നേഹ ബന്ധനങ്ങള്‍ ഇല്ലാതെ
കൌമാരം വാനപ്രസ്ഥം ചെയ്യുന്നു
പക്ഷേ.. ഒരു മുറിയും മരണത്തിന്റെ മൌനവും
അതിനുള്ളില്‍ ഭിത്തികള്‍ ഭേതിക്കും
മുഷ്ടികള്‍ തന്‍ മൌനസഞ്ചാരവും..
ഇന്നു ബൂലോകം എന്റെ തോന്ന്യവാസങ്ങളില്‍
തോന്നുംപോലെ കമന്റുന്നു
പരിഹാസത്തിന്റെ പല്ലിളി മാത്രം എന്നില്‍ ശേഷിക്കുന്നു
കഥാവശേഷന്‍!
ഇനി കാത്തിരിപ്പാണ് ...
കവിതയ്ക്കായുള്ള കഥയ്ക്കായി
ആര്‍ദ്രം! പതിരിലും പൊരുള്‍ എഴുന്നു.
മറന്നിട്ടില്ല കവിയരങ്ങുകള്‍!
Saturday, August 1, 2009
Subscribe to:
Post Comments (Atom)
No comments:
Post a Comment