Friday, August 27, 2010

ബെര്‍ലി തോമസിന്റെ

കെ.കെ.ജോസഫൈന്‍; ഒരു കവിത

കവയിത്രിയോട് പ്രണയമായിരുന്നു അവന്. അവളുടെ കവിതകളില്‍ നിന്നു തുടങ്ങിയ പ്രണയം കവിതകളെഴുതാന്‍ അവളുപയോഗിച്ച തികച്ചും കാല്‍പനികമായ ക്യാന്‍വാസിലേക്കു പടര്‍ന്നു. അവളറിയാതെ ദൂരെ നിന്നു പ്രണയിച്ചു. അടുത്തു നില്‍ക്കേണ്ടി വന്നപ്പോള്‍ പ്രണയത്തിന്റെ വാടിയ മുല്ലപ്പൂക്കളുടേതു പോലുള്ള വേദനിപ്പിക്കുന്ന ഗന്ധം അവളറിയാതെ നോക്കി. എന്നിട്ടും ഒരിക്കല്‍ അവള്‍ അതിക്രൂരമായി അവനോടു പറഞ്ഞു- എന്നോടിതു വേണ്ട !, ഇതല്ല ഇതിനപ്പുറം കണ്ടവളാണീ കെ.കെ.ജോസഫൈന്‍ !!

ഏത് ? എന്ത് ? എന്നൊക്കെ പൊട്ടന്‍കളിച്ച് അവന്‍ അവസാനം അവളോട് മനസ്സു തുറന്നു സംസാരിക്കാന്‍ തീരുമാനിച്ചു. ഹൃദയം തുറക്കാന്‍ അനുവാദമില്ലാതിരുന്നിട്ടും അവന്റെ പ്രണയത്തിന്റെ അഗാധതകളില്‍ നിന്നുയര്‍ന്ന വിറയാര്‍ന്ന നിശ്വാസങ്ങള്‍ അവള്‍ കേള്‍ക്കാതിരിക്കാന്‍ പണിപ്പെട്ട് ചിരിച്ചുകൊണ്ട് അവനും അപൂര്‍വമായ ആ അഭിമുഖത്തിന്റെ ചൂരല്‍കസേരയില്‍ വിചിത്രമായ ചോദ്യങ്ങള്‍ക്കു മാത്രം ഉത്തരം നല്‍കാനാഗ്രഹിച്ച് തുടകള്‍ ചേര്‍ത്തുവച്ച് അവളുമിരുന്നു.

എങ്ങനെയാണ് ഒരു കവയിത്രിയായത് ?

അറിയില്ല.. ജിബ്രാന്റെ കവിതകള്‍.. അതിലെ നൊമ്പരങ്ങള്‍.. അറിയാതെ ഹൃദയത്തിന്റെ നിന്നു ചോരയൂറ്റിയെടുക്കുന്ന വരികള്‍.. (കവയിത്രി കണ്ണുകള്‍ വിദൂരതയിലേക്കയച്ചു, അതിനി മടങ്ങിവരുമോ എന്ന സംശയം കാരണം ആ ഉത്തരം അപൂര്‍ണമായി തന്നെ കാത്തുവച്ച് അവന്‍ അടുത്ത ചോദ്യത്തിലേക്കു കടന്നു)

പ്രണയത്തെക്കുറിച്ച് ?

പ്രണയം..നിങ്ങളെപ്പോലുള്ളവര്‍ കരുതുന്ന പ്രണയസങ്കല്‍പമല്ല എന്റേത്.. എന്നെ സംബന്ധിച്ച് പ്രണയം വ്യക്തികളോടല്ല, സത്യങ്ങളോടുമല്ല. മരണത്തെയാണ് ഞാന്‍ പ്രണയിക്കുന്നത്.. മുഖമില്ലാത്ത അയഥാര്‍ഥ്യമായ ചില കാല്‍പനികതകളെ, രാത്രിയില്‍ തോരാതെ പെയ്യുന്ന പെരുമഴയെ.. ഇനി മടങ്ങിവരില്ലെന്നുറപ്പുള്ള കുട്ടിക്കാലത്തെ.. ചെറുപ്പത്തിലെവിടെയോ ഐസ് ഫ്രൂട്ടുമായി കാത്തുനില്‍ക്കാറുണ്ടായിരുന്ന നരച്ച താടിയുള്ള ആ പച്ചത്തൊപ്പിക്കാരനെ.. കള്ളുഷാപ്പിന്റെ വാതില്‍ക്കല്‍ എന്നും ഒരേ ഗാനം പാടി എന്നെ വരവേറ്റിരുന്ന കുടിയന്‍ ചേന്നന്റെ ചിലമ്പിച്ച ശബ്ദത്തെ..

മരണത്തെ പ്രണയിക്കാമോ ?

മരണത്തെ മാത്രമാണ് നമുക്ക് പ്രണയിക്കാന്‍ സാധിക്കുന്നത്. ഓരോ നിമിഷവും മരണത്തിന്റെ മുദ്ര ചാര്‍ത്തിയ ഒരു ജീവിതമാണ് നാമെല്ലാം ആഘോഷിക്കുന്നത്. ഇതിനെ ജീവിതമെന്നു വിളിക്കുന്നതാണ് ഏറ്റവും വലിയ കള്ളത്തരം. ആഘോഷങ്ങളാണ് ഈ കള്ളത്തരങ്ങളെ ചായം പൂശിനിര്‍ത്തുന്നത്. രാത്രിയില്‍ സജീവമാകുന്ന തെരുവില്‍ ഇരുട്ടിലേക്കു മാടിവിളിക്കുന്ന മൂന്നാംകിട വേശ്യയെപ്പോലെയാണ് ജീവിതം. അതിന്റെ അവസാനം ക്രൂരമായ മരണമാണെന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് എല്ലാവരും അവളുടെ ദുഷിച്ച മാറിലേക്കു നോക്കുന്നത്. ആത്യന്തികമായി മരണത്തെ പ്രണയിക്കുക തന്നെയാണ് പരമമായ സത്യം. അതു തന്നെയാണ് മഹത്തായ പ്രണയം.

പുരുഷന്‍ ? കാമുകന്‍ തുടങ്ങിയ സങ്കല്‍പങ്ങള്‍ ?

തികച്ചും അയഥാര്‍ഥ്യമായ സങ്കല്‍പങ്ങളുടെ മേല്‍ വരച്ചുണ്ടാക്കിയ വെറും നുണകള്‍. സ്്ത്രീയാണ് പരമമായ സത്യം. പുരുഷന്‍ ഒരു പരാന്നജീവിയാണ്. സ്വന്തം നിലയ്ക്ക് ഒന്നും ചെയ്യാന്‍ അവനു കഴിവില്ല. സ്ത്രീയെ ചുറ്റിപ്പറ്റിയാണ് ജീവിതം. ഓരോ കാലഘട്ടത്തിലും ഓരോ സ്ത്രീ. അവളുടെ കാരുണ്യത്തിന്റെ തണലില്‍ കഴിയുകയും അവരുടെ അധിനിവേശം നടത്തുകയും ചെയ്യും. എങ്കിലും നമ്മള്‍ പുരുഷനോട് ചേരുന്നു. അവനു വേണ്ടി നമ്മള്‍ കരയുന്നു, കുറെ ഉരുകുന്നു, ഹൃദയം തകര്‍ക്കുന്നു. പാട്ടും കൂത്തുമായി വലിയൊരാഘോഷം സൃഷ്ടിച്ചിട്ട് പെട്ടെന്നൊരു ദിവസം ടെന്റഴിച്ചു പോകുന്ന ജംബോ സര്‍ക്കസ്സുകാരെപ്പോലെ തികച്ചും അകാരണമായി അവന്‍ ഒരു ദിവസം തിരിഞ്ഞു കിടന്നുറങ്ങിക്കളയും.. ഏതാനും ദിവസങ്ങള്‍ക്കപ്പുറം പ്രണയത്തിന്റെ ശവസംസ്കാരമുണ്ടെന്ന് അപ്പോള്‍ ഊഹിക്കാം..

പ്രണയനൈരാശ്യങ്ങളെക്കുറിച്ച് ?

അങ്ങനെ ഒന്നില്ല. ഉണ്ട് എന്നുള്ളത് ഒരു സങ്കല്‍പമാണ്. പ്രണയം അതിനാല്‍ തന്നെ പൂര്‍ണമാണ്. അതിന്റെ അവസാനം ഒരു നൈരാശ്യം ചാര്‍ത്തിക്കൊടുക്കുന്നത് കാപട്യമാണ്. പ്രണയം ആഘോഷമാണ്. ഒരിക്കലും എരിഞ്ഞുതീരാത്ത വേദനയുടെ ആഘോഷം. ആ വേദനയില്‍ ഉരുകാനുള്ള ക്ഷണമാണ് ഓരോ പ്രണയാഭ്യര്‍ത്ഥനയും. കാമുകന്‍ ഒരു സങ്കല്‍പമാണ്. പ്രണയിക്കാന്‍ കാമുകന്‍ വേണ്ട, കാമുകിയോ ശരീരമോ വേണ്ട. ശരീരത്തിന്റെ അഭിനിവേശങ്ങള്‍ വേണ്ട. പ്രണയം സഫലമാകുമ്പോഴാണ് അതിന്റെ മരണം. വിവാഹം എന്നു പറയുന്നത് പ്രണയത്തെ ഒറ്റികൊടുക്കലാണ്. പതിനായിരക്കണക്കിനു വര്‍ഷമായി പ്രണയമെന്ന മതത്തില്‍ വിശ്വസിച്ചു ജീവിച്ച എത്രയോ ആളുകള്‍ ഇങ്ങനെ ഒറ്റികൊടുക്കപ്പെട്ടിരിക്കുന്നു. പത്തോ മുപ്പതോ വര്‍ഷത്തെ ജീവിതത്തിനു വേണ്ടി, ഒരു പ്രണയത്തെ ഒറ്റികൊടുക്കാന്‍ അതിലെ പങ്കാളികള്‍ തന്നെ തയ്യാറാവുന്നു. ഇവിടെ വിവാഹബന്ധങ്ങള്‍ നിലനിന്നേക്കും, പക്ഷെ പ്രണയങ്ങള്‍ നിലനില്‍ക്കില്ല.. ആദ്യത്തേത് കാപട്യമാണ്, രണ്ടാമത്തേത് പരമമായ സത്യവും.

ഞാന്‍ നിങ്ങളെ പ്രണയിച്ചാല്‍ എന്തു ചെയ്യും ?

ഒന്നും ചെയ്യില്ല. എനിക്കു നിന്റെ പ്രണയം വേണ്ട. നിന്റെ പ്രണയം മഴ നനഞ്ഞ പട്ടിയെപ്പോലെയാണ്. വിറച്ചുവിറച്ച് അതു ചാവും. എന്റെ അഗ്നിക്കരികില്‍ കിടക്കാന്‍ നിക്കാഗ്രഹമുണ്ടാവും, പക്ഷെ, ഞാനൊന്നു സ്പര്‍ശിച്ചാല്‍ നിനക്കു പൊള്ളും. നീ നിന്റെ ശരീരത്തെക്കുറിച്ചും ജീവനെക്കുറിച്ചും ആശങ്കപ്പെടും. അല്ലെങ്കിലും, നീയൊരു കവിയല്ല, നിനക്കു മരണത്തെ പേടിയാണ്. നിനക്കു ജീവിതത്തെക്കുറിച്ച് പ്രതീക്ഷകളുണ്ട്, ഖലീല്‍ ജിബ്രാനെ നീയറിയില്ല.. പൌലോ കൊയ്ലോയുടെ ബ്രൈഡയെ നിനക്കു പരിചയമില്ല..

പൌലോ … ?

കണ്ടോ, പൌലോ കൊയ്ലോയെപ്പോലും നീയറിയില്ല. നിനക്കെങ്ങനെ എന്റെ പ്രണയം ഏറ്റുവാങ്ങാനാകും. തിളയ്ക്കുന്ന ഈയമാണെന്റെ പ്രണയം. നിന്റെ നേര്‍ത്ത മെഴുകുപാത്രത്തിലേക്ക് അത് പകരാനാവില്ല. എന്റെ വികാരങ്ങള്‍ നിന്റെ ഹൃദയത്തിലൂടെ ലാവപോലെ ഒഴുകും.. അതൊന്നും നീ അതിജീവിക്കില്ല..

പക്ഷെ, ഞാന്‍ നിന്നെ പ്രണയിക്കാന്‍ തീരുമാനിച്ചിരിക്കുന്നു..

എങ്ങനെ ? അതെങ്ങനെ സാധിക്കും ?

നിന്നെ ഈ ഭിത്തിയോടു ചേര്‍ത്തു നിര്‍ത്തി ഞാന്‍ ചുംബിക്കും.. ഭ്രാന്തമായി നിന്നെ ഞാനാലിംഗനം ചെയ്യും.. ഒരിക്കലുമടങ്ങാത്ത വീര്യത്തോടെ ഒരു ജീവനെ ഞാന്‍ നിന്നിലേക്കു പകരും. എന്നിട്ട് ഞാന്‍ പോകും..

എങ്ങോട്ട് ? പിന്നെ നിനക്കെവിടെയും പോകാന്‍ കഴിയില്ല..

എന്തുകൊണ്ട് ? പ്രണയം..

ഇമ്മാതിരി പണി കാണിച്ചിട്ട് മുങ്ങാന്‍ നോക്കിയാല്‍ നീ വിവരമറിയും. മര്യാദക്ക് എന്നെ താലി കെട്ടി പൊറുപ്പിച്ചോണം.. എനിക്കും പിള്ളേര്‍ക്കും ചെലവിനു തരണം.. എന്റെ കവിതകള്‍ ആഴ്ചപ്പതിപ്പുകളിലേക്കയക്കാനുള്ള സ്റ്റാംപ് വാങ്ങാനുള്ള പണമെങ്കിലും മിച്ചം വയ്ക്കാനൊരു ജോലി വേണം..

അതിനിടയ്ക്ക് ഞാനെങ്ങാനും ചത്തുപോയാലോ ?

ഒരു എല്‍ഐസി പോളിസി പോലുമെടുക്കാതെ ചത്തുപോയാല്‍ നിന്നെ ഞാന്‍ കൊന്നുകളയും പറഞ്ഞേക്കാം. മരണം എന്നു പറയുന്നത് ഒരു കൊലച്ചതിയാണ് !!

No comments:

Post a Comment